ബദരീങ്ങൾ ഉമ്മത്തിന്റെ വഴിവെളിച്ചം
ബദർ..... അസ്തമയം ഇല്ലാത്ത പോരാട്ടങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ
ഹിജ്റ രണ്ടാം വർഷം നോമ്പ് നിർബന്ധമാക്കപ്പെട്ട ആദ്യ റമദാനിൽ പ്രവാചകന്റെ നേതൃത്വത്തിൽ മുഹാജിറുകളിലും അൻസാരികളിലും പെട്ട 313 സ്വഹാബത്ത് രണ്ട് കുതിരകളും ഏതാനും ഒട്ടകങ്ങളുമായി ഖുറൈശികളുടെ യാത്രാ സംഘത്തെ ലക്ഷ്യമാക്കി പോകുന്നു... എന്നാൽ അബൂസുഫിയാനിലൂടെ ഈ വിവരം മക്ക മുശ്രിക്കുകൾ അറിയുകയും അവർ ആയിരം സൈനികരും ആയുധങ്ങളും കുതിരകളും ഒട്ടകങ്ങളുമായി പ്രവാചക സംഘത്തെ ലക്ഷ്യമാക്കി കുതിക്കുന്നു അവരുടെ സംഘത്തെക്കുറിച്ച് അല്ലാഹു പറയുന്നത് ഇപ്രകാരമാണ്....
كالذين خرجو من دياركم بطر ورياء الناس ويصدون عن سبيل الله
ശത്രു സൈന്യത്തിന്റെ വരവറിഞ്ഞ പ്രവാചകൻ തന്റെ സ്വഹാബത്തിനോട് കൂടിയാലോചന നടത്തുകയും നിർദ്ദേശങ്ങൾ തേടുകയും ചെയ്തു അപ്പോൾ മുഹാജിറുകളിൽപ്പെട്ട മിഖദാദ് (റ ) പറഞ്ഞു
" നബിയെ...... അല്ലാഹു താങ്കൾക്ക് കാണിച്ചുതന്നതനുസരിച്ച് മുന്നോട്ടുപോവുക..... ഞങ്ങൾ അങ്ങയോടൊപ്പമുണ്ട് ' ബനു ഇസ്രായേലുകൾ' മൂസ നബിയോട് പറഞ്ഞതുപോലെ ഞങ്ങൾ അങ്ങയോട് പറയില്ല"
തുടർന്ന് പ്രവാചകൻ അൻസാരികളുടെ അഭിപ്രായം തേടി
" ഞങ്ങൾ അങ്ങയിൽ വിശ്വസിക്കുന്നു അങ്ങയെ സത്യപ്പെടുത്തിയിരിക്കുന്നു ഒരു സമുദ്രത്തിനു മുമ്പിൽ നിന്ന് അങ്ങ് പടനയിച്ചാൽ പോലും അങ്ങയോടൊപ്പം ഞങ്ങൾ ഉണ്ടാകും.. ഇതായിരുന്നു സഹദ് ബിൻ മുആദി (റ )ന്റെ മറുപടി
റമളാൻ 17ന് മുസ്ലിം സൈന്യവും ശത്രുപക്ഷവും ബദർ രണാങ്കളത്തിൽ പോരാടി 70 മുശ്രിക്കുകൾ കൊല്ലപ്പെടുകയും മുസ്ലിംകൾ വിജയം നേടുകയും ചെയ്തു മുസ്ലിം പക്ഷത്ത് 14 സ്വഹാബികൾ ശഹീദായി
ബദരീങ്ങൾ ഈ ഉമ്മത്തിന്റെ വഴിവിളക്ക്
എങ്ങനെ..... ഏതിൽ
പൗരാണിക കാലഘട്ടം മുതൽ ആധുനിക കാലഘട്ടം വരെ ലോക ചരിത്രത്തിൽ ഒട്ടനവധി പോരാട്ടങ്ങളും പടയോട്ടങ്ങളും നടന്നിട്ടുണ്ട്, വർഗ്ഗ,വർണ്ണ, ജാതി, മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, കാരണങ്ങളാൽ നടമാടിയ ഇത്തരം പോരാട്ടങ്ങൾ അത്രയും ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് ആണ്ട് പോവുകയോ, കാലാന്തരങ്ങളിൽ വികലമാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്...... എന്നാൽ നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു ചെറു സംഘം സർവ്വായുധവിഭൂഷിതരായ വൻ സംഘത്തോട് നേടിയ ഐതിഹാസിക വിജയം ഇന്നും സ്മരിക്കപ്പെടുവാനും ഒരു സമുദായത്തിന്റെ മാത്രമല്ല ലോകത്തിന്റെ വഴിവിളക്കായി ബദർ ചരിത്രവും,ബദരീങ്ങളും മാറ്റപ്പെടുവാനുള്ള കാരണങ്ങൾ നാം പഠന വിധേയമാക്കുമ്പോൾ ദാർശനികമായ പല കാര്യങ്ങളും നമുക്ക് അതിൽ ദർശിക്കാൻ കഴിയും
വിശ്വാസത്തിന്റെയും, അർപ്പണബോധത്തിന്റെയും,നിശ്ചയദാർഢ്യത്തിന്റെയും പിൻബലം കൊണ്ട് മാത്രം അസത്യത്തിന്റെ വാഹകർക്ക് മുമ്പിൽ സത്യത്തിന്റെ ചെറുസംഘം പോരാട്ടവീര്യത്തിലൂടെ വിജയം തീർത്ത മഹാചരിതം..... കേവലം ആത്മസമയമനത്തിനും, സഹനത്തിനും, പ്രതിരോധത്തിനും അപ്പുറം പോരാട്ടങ്ങൾക്ക് കൂടി ഇസ്ലാമിൽ സ്ഥാനമുണ്ടെന്ന് ബദർ ലോകത്തിന് പഠിപ്പിച്ചു തരുന്നു...... നിങ്ങൾ ചെറു സംഘമാണെങ്കിലും നിങ്ങളുടെ നിശ്ചയദാർഢ്യത്തിനു മുമ്പിൽ ഏത് വൻശക്തിയും അടിപതറുമെന്ന മഹത്തായ സന്ദേശം കൂടിയാണിത്.....
സമകാലിക ലോകത്തിന് ബദരീങ്ങൾ നൽകുന്ന വെളിച്ചം
മുൻകാലഘട്ടങ്ങളിൽ എന്നപോലെ സമകാലികാന്തരീക്ഷത്തിൽ ജീവിക്കുന്ന മുസ്ലിം ഉമ്മത്തിന് പ്രതീക്ഷയുടെ ഒരായിരം വെളിച്ചം നൽകുന്നൂ... ബദരീങ്ങളുടെ ത്യാഗപൂർണ്ണമായ പോരാട്ട ചരിത്രം
ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗസയിലെ ഖുദ്സിന്റെ പോരാളികളായ പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന നിരായുധരായ ഫലസ്തീനികൾക്കും, ചെച്ചിനിയയിലേയും, മ്യാൻമാറിലെ റോഹിൻഗ്യയിലേയും, ബോസ്നിയയിലേയും, ചൈനയിലേയും, ഇറാൻ, ഇറാക്ക്, അഫ്ഗാനിസ്ഥാൻ, യമൻ, സിറിയ, പോലുള്ള രാജ്യങ്ങളിലെയും,
പൗരത്വം, NRC, CAA,UAPA, മുത്തലാഖ്, ഏക സിവിൽ കോഡ്, പോലുള്ള കിരാത നിയമങ്ങൾ കൊണ്ടും, വസ്ത്രവും, മതവും,നോക്കി ആൾക്കൂട്ട അക്രമങ്ങൾക്കും, കൊലകൾക്കും, ബുൾഡോസർ രാജിനും, വിധേയമാക്കപ്പെടലിലും , ഭയപ്പെടുത്തുന്ന ഭരണകൂട ഫാസിസത്തിന് മുമ്പിലും നീതി നിഷേധിക്കപ്പെടുന്ന നീതീ ന്യായവ്യവസ്ഥക്കു മുമ്പിലും പ്രതീക്ഷ നഷ്ടപ്പെട്ടു പോകുന്ന ഇന്ത്യൻ മുസ്ലിങ്ങൾക്ക് ബദർ നൽകുന്ന സന്ദേശം വളരെ വലുതാണ്.....
നിങ്ങളുടെ വിശ്വാസം അചഞ്ചലമാണോ.... എങ്കിൽ വിജയം നിങ്ങൾക്ക് സുനിശ്ചിതമാണ്... അല്ലാഹുവിന്റെ സഹായം നിങ്ങളിൽ വന്നെത്തുക തന്നെ ചെയ്യും..... ഇതാണ് ബദറിന്റെ വെളിച്ചം....
ഈ വെളിച്ചം സ്വീകരിക്കുവാൻ നമുക്ക് കഴിയണം
ബദർ ചരിത്രവും.... ബദരീങ്ങളും ഈ ഉമ്മത്തിന് നൽകുന്ന പാഠങ്ങൾ
🔸 നിങ്ങൾ നിരായുധരും, അംഗബലം കുറഞ്ഞ വരും, ദുർബലരും ആവാം, എന്നാൽ നിങ്ങളിൽ അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും, അർപ്പണബോധവും, നിശ്ചയദാർഢ്യവും, കൊണ്ട് ഏത് ശത്രുവിനെയും നിങ്ങൾക്ക് പരാജയപ്പെടുത്താൻ സാധിക്കും
🔹 നിങ്ങൾ പരിപൂർണ്ണ വിശ്വാസികളായാൽ നിങ്ങളെ സഹായിക്കാൻ അല്ലാഹു ഉണ്ടാകുമെന്ന സന്ദേശം
🔹 മുആജിറുകളോടും, അൻസാറുളോടും, കൂടിയാലോചന നടത്തി കാര്യങ്ങൾ തീരുമാനിക്കുന്ന പ്രവാചകന്റെ നേതൃത്വം മാതൃക
🔹 ഒരു നേതാവിന് കീഴിൽ അണികൾ എങ്ങനെ ആയിരിക്കണമെന്ന ബദരീങ്ങളുടെ മഹത്തായ സ്വഭാവം
🔹 സത്യമതത്തിന്റെ സംരക്ഷണത്തിന് വേണ്ടി അവർ നടത്തിയ കഠിനമായ ത്യാഗത്തിന്റെ ചരിത്രം
🔹 യുദ്ധതന്ത്രങ്ങൾ മെനയുന്നതിൽ ഒരു നേതാവ് എങ്ങനെയായിരിക്കണമെന്ന് പ്രവാചക അധ്യാപനം
🔹 സ്ത്രീകളോടും, കുട്ടികളോടും യുദ്ധമുഖത്ത് എങ്ങനെ പെരുമാറണമെന്ന മാനുഷിക മൂല്യങ്ങളുടെ സന്ദേശം
🔹 യുദ്ധ തടവുകാരായി പിടിക്കപ്പെട്ട ശത്രുവിനോട് പ്രവാചകൻ നടത്തിയ ഉദാത്തമായ സമീപനവും, വിജ്ഞാനത്തിന്റെ വിപ്ലവം തീർക്കാൻ അവരിലൂടെ പ്രവാചകന്‍ നടത്തിയ മാതൃകാപരമായ ദാർശനിക സന്ദേശവും
🔹 അല്ലാഹുവിന്റെ സത്യം മതത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് പ്രതിഫലം ശാശ്വതമായ സ്വർഗ്ഗം ആണെന്ന സന്ദേശവും ബദർ നൽകുന്നു
ബദർ ഇസ്ലാമിക ചരിത്രഭൂമികയിൽ പോരാട്ടത്തിന്റെ ഇതിഹാസം മാത്രമല്ല ...... പ്രവാചക കാലഘട്ടം മുതൽ അന്ത്യനാൾ വരെയുള്ള മുസ്ലിം ഉമ്മത്തിന് നൽകുന്ന മഹത്തായ പാഠം കൂടിയാണ്..... ഒരു വിശ്വാസിക്ക് അവന്റെ റബ്ബിന്റെ പരീക്ഷണങ്ങൾക്കപ്പുറം അസത്യത്തിന് മേൽ സത്യത്തിന്റെ വിജയത്തിന് ആ റബ്ബിന്റെ സഹായം ഉണ്ടാകുമെന്ന സന്ദേശകൂടിയാണ്...
അതിനാൽ ബദറിന്റെയും, ബദരീങ്ങളുടെയും, പാഠങ്ങൾ ഉൾക്കൊണ്ട് ജീവിത വിജയം നേടാൻ നമുക്ക് കഴിയുമാറാവട്ടെ....
പീഡിത സമൂഹത്തിന് ആശ്വാസത്തിന്റെ കരുത്ത് പകരാൻ ബദരീങ്ങളേ
യും.... അവർ പകർന്ന ചരിത്രങ്ങളേ
യും നമുക്ക് പുനർവായന നടത്താം.... അതിന് നാഥൻ തൗഫീഖ് നൽകുമാറാവട്ടെ.... ആമീൻ
സുമയ്യ മമ്മൂട്ടി
തോടൻ
തെങ്ങും മുണ്ട
Comments
Post a Comment